നേരത്തെ ഐഒഎസ് പതിപ്പിലും വെബ് വേർഷനിലും ലഭിച്ചിരുന്ന 4കെ എച്ച്ഡിആര്‍ സപ്പോര്‍ട്ട് വീഡിയോകള്‍ ഇപ്പോൾ യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പിലും ലഭ്യമായിരിക്കുന്നു. ഇതുവരെ 4കെ വീഡിയോ ആന്‍ഡ്രോയ്ഡ് ആപ്പ് ഉപയോക്താക്കള്‍ക്ക് 1440 പി റെസല്യൂഷനിൽ മാത്രമേ ആസ്വദിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
ഇപ്പോള്‍ 4കെ സപ്പോർട്ട് ചെയ്യുന്ന മിക്ക ആൻഡ്രോയിഡ് ഫോണുകളിലും വീഡിയോ ക്വാളിറ്റി 2160 പിക്സല്‍ (4K HDR) കാണാൻ സാധ്യമാണ്. ആന്‍ഡ്രോയ്ഡ് യൂട്യൂബ് ആപ്പില്‍ വീഡിയോയ്ക്ക് മുകളില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് വീഡിയോ ക്വാളിറ്റിയില്‍ പോയി 2160p HDR സെലക്ട് ചെയ്യാം. 4കെ വീഡിയോകള്‍ മാത്രമേ ഇത്തരത്തില്‍ 4കെ യിൽ കാണുവാന്‍ സാധിക്കൂ.
എല്ലാ ആന്‍ഡ്രോയ്ഡ് പതിപ്പിലും ഈ അപ്ഡേറ്റ് വന്നിട്ടുണ്ട്. ഇത് ലഭിക്കാത്തവര്‍ യൂട്യൂബ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്ഡേറ്റ് ചെയ്താല്‍ മതി.