Thursday, June 13, 2024
Home » 656 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ; ജോലിസമ്മർദം കാരണം സേനയിൽ സ്വയംവിരമിക്കൽ

656 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ; ജോലിസമ്മർദം കാരണം സേനയിൽ സ്വയംവിരമിക്കൽ

by Editor

തിരുവനന്തപുരം : കേരളാ പോലീസിൽ ജോലി സമ്മർദം കാരണം സ്വയംവിരമിക്കൽ അപേക്ഷകർ കൂടുമ്പോഴും പൊതുജന-ഉദ്യോഗസ്ഥ അനുപാതം വർധിപ്പിക്കാൻ നടപടിയില്ല. 500 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന തരത്തിൽ സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന് ഉദ്യോഗസ്ഥഭരണ പരിഷ്കാര കമ്മിഷൻ നിർദേശിച്ചിട്ട് എട്ടുകൊല്ലമായിട്ടും സർക്കാർ അനങ്ങിയിട്ടില്ല. നിലവിൽ 656 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നതാണ് കേരളത്തിലെ കണക്ക്. പോലീസ് സ്റ്റേഷനുകളിൽ ഒരുദിവസത്തെ ജോലിക്ക് 59 പേർ വേണമെന്നാണ് കണക്കാക്കുന്നതെങ്കിലും ശരാശരി 44 പേർ മാത്രമേയുള്ളൂ.

2019 മുതൽ കഴിഞ്ഞവർഷം അവസാനംവരെയുള്ള കണക്കനുസരിച്ച് പോലീസിൽനിന്ന് 70 പേർ ആത്മഹത്യചെയ്തു. ജോലിഭാരവും സമ്മർദവുമാണ് ഭൂരിഭാഗം മരണത്തിനും കാരണം. ഇത് ചർച്ചയായപ്പോൾ ജോലിസമ്മർദം കുറയ്ക്കാൻ വിവിധ നടപടികൾ ആരംഭിച്ചെങ്കിലും പലതും കടലാസിൽത്തന്നെ ഒതുങ്ങി. ഉദ്യോഗസ്ഥരുടെ പ്രതിവാര അവധിപോലും കൃത്യമായി ലഭ്യമാക്കാൻ മേലുദ്യോഗസ്ഥർക്ക് കഴിയാതെ വന്നതോടെ ഇക്കാര്യത്തിൽ വീണ്ടും പോലീസ് മേധാവിക്ക് നിർദേശമിറക്കേണ്ടിവന്നു.

പോലീസിൽനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നൽകുന്നവരുടെ എണ്ണവും വൻതോതിൽ കൂടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബർവരെ 826 പേരാണ് വിരമിക്കാൻ അപേക്ഷ നൽകിയത്. അതിനുശേഷം ഇതുവരെ നൂറോളം പേർകൂടി അപേക്ഷ നൽകിയിട്ടുണ്ട്. സംസ്ഥാന പോലീസിൽ 53,222 ഉദ്യോഗസ്ഥരാണ് നിലവിലുള്ളത്. ഇതിൽ 21,488 പേരാണ് സ്റ്റേഷൻ ഡ്യൂട്ടികളിലുള്ളത്. പോലീസിൽ നടപ്പാക്കുന്ന നൂതനപദ്ധതികൾക്ക് നിലവിലെ ഉദ്യോഗസ്ഥരെത്തന്നെ ചുമതലപ്പെടുത്തുന്നത് ജോലിഭാരം പിന്നെയും കൂട്ടുന്നു. ഇതു പോലീസുകാർക്കിടയിൽ അതൃപ്തിക്കും പ്രവർത്തനക്ഷമതയെയും ബാധിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. പോലീസ് സംഘടാനേതാക്കൾതന്നെ ഇക്കാര്യം സമ്മതിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00