പല ആളുകളും നേരിടുന്ന പ്രശ്നമാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ അഥവാ മൂത്രാശയ അണുബാധ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
കൃത്യമായി മൂത്രം ഒഴിക്കാതെ ദീർഘ നേരം മൂത്രം പിടിച്ച് വെക്കുന്നത് അണുബാധയുണ്ടാകാൻ ഒരു പ്രധാന കാരണമാണ്. ശുചിത്വക്കുറവും മൂത്രാശയ അണുബാധയ്ക്ക് കാരണമാകും. വെള്ളം കുടിക്കാത്തത് ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ മറക്കരുത്. ശുചിത്വക്കുറവ് വൃത്തിരഹിതമായ അടിവസ്ത്രങ്ങൾ ധരിക്കുന്നത്, ഒരേ സാനിറ്ററി പാഡ് ദീർഘനേരം ഉപയോഗിക്കുന്നത്, വൃത്തിയില്ലാത്ത പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നത് എന്നിവയെല്ലാം അണുബാധയുണ്ടാക്കാം.
മൂത്രമൊഴിക്കുമ്പോൾ അനുഭവപ്പെടുന്ന കഠിനമായ വേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം, അടിവയറ്റിൽ വേദന, മൂത്രത്തിൽ നിറവ്യത്യാസവും ദുർഗന്ധവും, ഇടയ്ക്കിടയ്ക്കുള്ള മൂത്രശങ്ക, പനി എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
മൂത്രത്തിലെ അണുബാധയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ തന്നെ വൈദ്യസഹായം തേടുക. ചികിത്സിച്ചില്ലെങ്കിൽ ഇത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അണുബാധ ഗുരുതരമായാൽ വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാം. അതുകൊണ്ട് തന്നെ അണുബാധ അകറ്റാൻ ഡോക്ടർ നിർദ്ദേശിക്കുന്ന ആന്റിബയോട്ടിക്കുകൾ കൃത്യമായി കഴിക്കുക.
അണുബാധ പിടിപെടാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക. മൂത്രം പിടിച്ച് വെക്കുന്ന ശീലം ഒഴിവാക്കുക, മൂത്രമൊഴിക്കാൻ തോന്നുമ്പോൾ ഉടൻ തന്നെ അത് ചെയ്യുക. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. അടിവസ്ത്രങ്ങൾ വൃത്തിയുള്ളതായിരിക്കണം. ഇവ ദിവസവും മാറ്റുകയും വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് കഴുകി വെയിലത്ത് ഉണക്കുകയും വേണം.