Friday, October 11, 2024
Home » കുട്ടികളുടെ വാക്സിനേഷൻ: ഓൺലൈനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

കുട്ടികളുടെ വാക്സിനേഷൻ: ഓൺലൈനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

by Editor

സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി – 01 മുതല്‍ ആരംഭിക്കുകയാണ്. ഓൺലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. 

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ തിരക്കും രജിസ്‌ട്രേഷന് വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്. 2007ലോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതെങ്ങനെ?

  1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്റ്റര്‍/ സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
  2. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പര്‍ നല്‍കി Get OTP ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള്‍ നല്‍കിയ മൊബൈലില്‍ ഒരു ഒടിപി നമ്പര്‍ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പര്‍ അവിടെ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക.
  3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെണ്‍കുട്ടിയാണോ ആണ്‍കുട്ടിയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വര്‍ഷവും നല്‍കുക. അതിന് ശേഷം രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  4. ഇതോടെ ആ ആളുടെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 

ഇതുപോലെ ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റര്‍ ചെയ്യാം.

വാക്‌സിനേഷനായി എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

  1. വാക്‌സിന്‍ എടുക്കാനുള്ള അപ്പോയ്‌മെന്റിനായി രജിസ്റ്റര്‍ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താമസ സ്ഥലത്തെ പിന്‍ കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല സെര്‍ച്ച് ചെയ്യാവുന്നതാണ്.
  2. ഓരോ തീയതിയിലും വാക്‌സിന്‍ കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്‍കി കണ്‍ഫോം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
  3. എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒടിപി നമ്പരും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാവുന്നതാണ്.
  4. വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും.
  5. വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റര്‍ ചെയത ഫോട്ടോ ഐഡി കൈയ്യില്‍ കരുതേണ്ടതാണ്.
സംശയങ്ങള്‍ക്ക് ദിശ : 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

You may also like

Leave a Comment

-
00:00
00:00
Update Required Flash plugin
-
00:00
00:00
koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com