കൂട്ടുകറി ഏങ്ങനെ തയ്യാറാക്കാം?

 

 കൂട്ടുകറി (Koottukari)

സദ്യയില്‍ ഒരു പ്രധാന വിഭവും, പ്രത്യേക സ്വാദ് ഉള്ളതും, മിക്കവര്‍ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് കൂട്ടുകറി. പലതരം  പച്ചക്കറികള്‍ കൂട്ടി ചേര്‍ത്ത് ഉണ്ടാകുന്നതിനാൽ ആണ് കൂട്ടുകറി എന്ന് പറയുന്നത്.

നമുക്ക് കുട്ടുകറിയുടെ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കൂട്ടുകറിക്ക് വേണ്ട ചേരുവകള്‍

  1. കടല – ഒരു കപ്പ് 
  2. ചേന – അര കപ്പ് 
  3. നേന്ത്രക്കായ – അര കപ്പ് 
  4. നാളികേരം ചിരവിയത് – ഒരു കപ്പ്
  5. മുളകുപൊടി – ഒരു ടീസ്പൂണ്‍
  6. മഞ്ഞള്‍ പൊടി – കാല്‍ ടീസ്പുണ്‍
  7. കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
  8. ശര്‍ക്കര – ഒരു ചെറിയ കഷണം
  9. ജീരകം – കാല്‍ ടീസ്പൂണ്‍
  10. ചുവന്നുള്ളി – നാലെണ്ണം
  11. വറ്റല്‍ മുളക് – മൂന്നെണ്ണം
  12. വെളിച്ചെണ്ണ – നാല് ടിസ്പൂണ്‍
  13. ഉപ്പ്, കറിവേപ്പില – പാകത്തിന്

ഇനി കൂട്ടുകറി ഉണ്ടാക്കേണ്ട വിധം നോക്കാം

കടല ആദ്യം തന്നെ വെള്ളത്തിലിട്ടു കുതിര്‍ത്തു എടുക്കുക. അതിനു ശേഷം നേന്ത്രക്കായും ചേനയും ചെറുതായി ചതുര കഷണങ്ങളായി നുറുക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. 
അതിനു ശേഷം അര കപ്പ്  തേങ്ങയും ജീരകവും രണ്ട് ചുവന്നുള്ളിയും ഒരുപാട് അരഞ്ഞ് പോകാതെ ലേശം തരുതരുപ്പായി അരച്ച് എടുക്കുക.
ബാക്കിയുള്ള അര കപ്പ് തേങ്ങ എടുത്തു ഒന്ന് ബ്രൌണ്‍ നിറം ആകും വരെ വറുത്തു എടുക്കണം. ശര്‍ക്കര നന്നായി ചുരണ്ടി എടുത്തു വയ്ക്കുവാൻ മറക്കരുത്.
ഒരു പാത്രത്തില്‍ കായയും ചേനയും കടലയും ഇട്ടു അതിലേയ്ക്ക് മുളക്, മഞ്ഞള്‍, കുരുമുളക് പൊടിയും ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് തരുതരുപ്പായി അരച്ചെടുത്ത തേങ്ങ, ജീരകം, ചുവന്നുള്ളി അരപ്പ് ചേര്‍ത്ത് ഇളക്കാം. ശേഷം ശർക്കര ചേർത്ത് ഇളക്കുക. വെള്ളം ഒക്കെ നന്നായി വലിഞ്ഞ  പരുവത്തിൽ ആവുമ്പോൾ തീ ഓഫ് ചെയ്യാം. അതിനു ശേഷം വറുത്തു വച്ച തേങ്ങ ചേര്‍ത്ത്  നന്നായി ഇളക്കാം.
അതിനു ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചു വറ്റല്‍ മുളകും, 2 ചുവന്നുള്ളിയും, കറിവേപ്പിലയും ഇട്ടു മൂപ്പിച്ചു എടുക്കാം. ഇത് കറിയില്‍ ചേര്‍ത്ത് നന്നായി ഇളക്കി എടുക്കുക. 
അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ കൂട്ടുകറി തയ്യാർ. 

Related posts

മുളകിട്ട മീൻ കറി (കോട്ടയം സ്റ്റൈൽ)

പാചക വാതകം ലാഭിക്കാൻ ചില വഴികൾ